ജ്വലിക്കുന്ന പ്രകാശഗോപുരം: യൂഹാനോന്‍ റമ്പാന്‍

”അങ്ങു ദൂരെയൊരു പുണ്യനദിയുണ്ട്. ആ പുണ്യനദിയുടെ തീരത്ത് ഒരു കൊച്ചുപള്ളി യും അതിനോടു ചേര്‍ന്ന് ആര്‍ഭാടങ്ങളില്ലാ ത്ത ഒരു അരമനയുമുണ്ട്. ആ അരമനയില്‍ വസിക്കുന്ന പരിശുദ്ധനായ കൊച്ചുതിരു മേനിയുടെ ഹൃദയം പനിനീരിനേക്കാള്‍ സൌന്ദര്യമുള്ളതാണ്; മുല്ലപ്പൂവിനേക്കാള്‍ വെണ്മയുള്ളതാണ്; വയലറ്റ് പൂവിനേക്കാള്‍ വിനയവും താമരപ്പൂവിനേക്കാള്‍ വിശുദ്ധി യും ഉള്ളതാണ്.”പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ കൊച്ചുതിരുമേനി യെപ്പറ്റി ദശാബ്ദങ്ങള്‍ക്കു മുന്‍പ് എഴുതിയിട്ടുള്ള ഇൌ വരികള്‍ എത്രയോ യാഥാര്‍ഥ്യമാണ്. മലങ്കരയിലുണ്ടായിട്ടുള്ള സിദ്ധന്മാരില്‍ പ്രഥമഗണനീയനായ തിരുമേനിയുടെ ജീവിതവിശു ദ്ധിയും തപോനിഷ്ഠയും വിനയവും പ്രാര്‍ഥനാജീവിതവും ഏവരും വാഴ്ത്തിവരുന്നുണ്ട്.
മതനേതാക്കളുടെ ജീവചരിത്രം അവരുടെ പിന്‍ഗാമികള്‍ക്ക് ഉത്തേജനം നല്‍കുന്നത് അവരില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങളെ വെളിവാക്കുന്ന സംഭവങ്ങളാണ്. ക്രിസ്തീയ സുകൃതങ്ങള്‍ ജീവിതത്തില്‍ കൈവരുത്തുന്നതിനായുള്ള ഇവരുടെ പോരാട്ടങ്ങള്‍ മനുഷ്യര്‍ ക്കു വഴികാട്ടികളായി തീരുന്നുണ്ട്. ഇപ്രകാരം രോമാഞ്ചത്തോടെ മാത്രം അനുസ്മരിക്കുവാന്‍ കഴിയുന്ന സംഭവകഥകള്‍ തിരുമേനിയുടെ ജീവിതത്തില്‍നിന്നു ലഭിച്ചിട്ടുള്ളതു പിന്‍തലമുറ യ്ക്ക് അനുഗ്രഹകരമാണ്.

സത്യത്തിനു സാക്ഷിനിന്ന തിരുമേനിയുടെ നിശ്ചയദാര്‍ഢ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുവാങ്കുളം കവലയില്‍ സ്ഥിതിചെയ്യുന്ന ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തിലുള്ള കുരിശിന്‍സൌധത്തിനു പറയുവാനുള്ള കഥ ശ്രദ്ധേയമാണ്. കരിങ്ങാച്ചിറ പള്ളിക്കാര്‍ പള്ളിവകയായി കുരിശു സ്ഥാപിക്കുവാന്‍ സ്ഥലം തിരഞ്ഞെടുത്തു കൊച്ചുതിരുമേനിയെ കൊണ്ടുപോയി അവിടെ ആദ്യമായി ധൂപംവയ്പിക്കുകയുണ്ടായി. കുരിശിന്‍തൊട്ടി
സ്ഥാപിച്ചതു ക്ഷേത്രത്തിന്റെ സമീപത്താണെന്നു കാരണം പറഞ്ഞു ചിലര്‍ പള്ളിക്കാരെ പ്രതികളാക്കി മജിസ്ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതില്‍ തിരുമേനിയെ സാക്ഷിയാക്കിയിരുന്നു. തിരുമേനി ധൂപംവച്ചു എന്നു സമ്മതിച്ചാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും.

പള്ളിക്കാരെ രക്ഷിക്കണമെങ്കില്‍ തിരുമേനി ധൂപംവച്ചതായി കോടതിയില്‍ പറയരുതേ എന്നു പ്രതികളും വക്കീലും നിര്‍ബന്ധിച്ചു. കോടതിയില്‍ തിരുമേനിയെ വിസ്തരിച്ചപ്പോള്‍, ‘കുരിശിന്‍തൊട്ടിയില്‍ ധൂപംവച്ചോ’ എന്ന ചോദ്യത്തിനു ദൃഢസ്വരത്തില്‍ ഉത്തരം പറഞ്ഞു- ‘ഉവ്വ്.’ ആ ഒറ്റവാക്കുകൊണ്ടു പള്ളിയുടെ ചുമതലക്കാര്‍ ശിക്ഷിക്കപ്പെട്ടു. അതില്‍ വിഷമിക്കാ തെ തിരുമേനി അവരോടു പറഞ്ഞു: ”നിങ്ങള്‍ നിരാശരാകരുത്. ദൈവയിഷ്ടത്താല്‍ എല്ലാം ശരിയാകും.” പിന്നീടു വാദിപ്രതികള്‍ തമ്മില്‍ രാജിയാകുകയും കുരിശിന്‍തൊട്ടി അല്‍പം മാറ്റി സ്ഥാപിക്കുകയും ചെയ്തു. പരുമലയില്‍ അഭയം പ്രാപിക്കുന്ന വിശ്വാസികള്‍ക്കു സത്യത്തെ മുറുകെ പിടിക്കുവാന്‍ ആത്മധൈര്യം നല്‍കുന്നത് ഇൌ സംഭവമാണ്. എതിരാളികളുടെ മുന്നില്‍ അക്ഷോഭ്യനായി ക്ഷമയോടെ നില്‍ക്കുന്ന തിരുമേനിയുടെ ജീവിതമാതൃക
അക്രമികളില്‍പോലും പരിവര്‍ത്തനം ഉണ്ടാക്കിയിട്ടുണ്ട്.

അങ്കമാലിയില്‍ പ്രസിദ്ധമായ കുന്നക്കുരുടി പള്ളിയുടെ കൂദാശാസന്ദര്‍ഭത്തില്‍ മെത്രാന്മാരെ ആഘോഷത്തോടെ മഞ്ചലില്‍ കൊണ്ടുപോകുമ്പോള്‍ അവിടത്തെ ചന്തയില്‍ നിന്നിരുന്ന ചിലര്‍ കുറെ ചാണകം ഉരുട്ടി മഞ്ചലിനു നേരെ എറിഞ്ഞു. തിരുമേനിയുടെ കുപ്പായം മുഴുവന്‍ വൃത്തികേടായി. ക്ഷുഭിതരായ സഭാംഗങ്ങള്‍ ഒരു ഏറ്റുമുട്ടലിനു തയാറായി. തിരുമേനി അക്ഷോഭ്യനായി ഇരുന്നു മതനേതാക്കന്മാരെ ശാന്തരാക്കി. ശാന്തമായി ഘോഷയാത്ര തുടരുവാന്‍ ആജ്ഞാപിച്ചു. തിരുമേനിയുടെ ഇൌ പ്രതികരണം കണ്ട് അക്രമികള്‍ പശ്ചാത്തപിച്ചു തിരുമേനിയുടെ അടുക്കല്‍ ക്ഷമായാചനം ചെയ്യുകയും കാവുങ്കര ചന്തയില്‍ ഒരു കുരിശു സ്ഥാപിക്കുകയും ചെയ്തു. മറ്റുള്ളവരുടെ മനസ്സില്‍ പരിവര്‍ത്തനം വരുത്തുവാനുള്ള ഒരു മാസ്മരശക്തി തിരുമേനിയിലുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.

മറ്റൊരു സംഭവം തിരുമേനിയുടെ ഹൃദയനൈര്‍മല്യം വിളിച്ചറിയിക്കുന്നുണ്ട്. ചില തെറ്റുകള്‍ കണ്ടതിനു തിരുമേനി ഒരിക്കല്‍ ഒരു പുരോഹിതനെ ശാസിച്ചശേഷം ഒരടി കൊടുത്തു. പട്ടക്കാരന്‍ പോയിക്കഴിഞ്ഞപ്പോള്‍ തിരുമേനി വല്ലാതെ കുണ്ഠിതപ്പെട്ടു. അടുത്തദിവസം അച്ചനെ ആളയച്ചുവരുത്തി തന്റെകൂടെ താമസിപ്പിച്ചു. പിറ്റെദിവസം അച്ചന്‍ കുര്‍ബാന ചൊല്ലണമെന്ന് ആവശ്യപ്പെട്ടു. തിരുമേനി അച്ചന്റെ മുന്‍പില്‍ പാപം ഏറ്റുപറഞ്ഞു കുമ്പസാരിച്ചു വിശുദ്ധ കുര്‍ബാന അനുഭവിച്ചു. ഇതെല്ലാം കണ്ടു വികാരാധീനനായ അച്ചനോട് തന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിക്കണമെന്നും അപേക്ഷിച്ചു. തിരുമേനിയുടെ അനിതരസാധാരണമായ താഴ്മയും ദൈവഭയവും അച്ചനില്‍ ഗണ്യമായ മനപരിവര്‍ത്തന മുണ്ടാക്കി.

മനസ്സു നിറയെ ഭാരവും പേറി പരുമല കബറിങ്കലെത്തുന്ന വിശ്വാസികള്‍ ഭാരം കുറഞ്ഞ ഹൃദയവും പ്രകാശിത മുഖവുമായി തിരികെ ഇറങ്ങുമ്പോള്‍ പരിശുദ്ധന്റെ കരസ്പര്‍ശത്തിന്റെ അത്ഭുത പരിണാമമാണ് ഒാരോ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുന്നത്.കണ്ണീരോടെ തങ്ങളുടെ ആവലാതികള്‍ സമര്‍പ്പിക്കുന്നവര്‍ക്കു കേള്‍ക്കുവാന്‍കഴിയുന്നത് റമ്പാച്ചനായിരി ക്കുമ്പോള്‍ പുറത്തെ നീര്‍ക്കെട്ടിനു പുരട്ടാന്‍ കുഴമ്പുമായി വന്ന ചെറിയാചേട്ടനോടു പറഞ്ഞ
വാക്കുകളാണ്:

”എന്തിനിത്ര പരിഭ്രമിക്കുന്നു; ദൈവം അറിയാതെ ഒരു കാര്യമുണ്ടോ? തനിയെ വന്നതല്ലേ, തനിയെ പൊയ്ക്കൊള്ളും.”പരുമലയില്‍ എത്തുന്ന വിശ്വാസ സഹസ്രങ്ങള്‍ക്കു പുണ്യവാന്‍ കൊടുക്കുന്ന സന്ദേശം തന്റെ ജീവിതവും അനുഭവങ്ങളുമാണ്. അതുകൊണ്ടുതന്നെ നാനാജാതിമതസ്ഥര്‍ക്കും ദിവ്യവും പ്രിയങ്കരവുമായ നാമമാണ് ‘പരുമല പുണ്യവാളന്‍’ എന്നുള്ളത്.

ഉന്നതനായ താപസശ്രേഷ്ഠന്‍, നിര്‍മല മാനസനായ ദൈവഭക്തന്‍, ധിഷണാശാലിയായ ഭരണാധികാരി, ദൈവശാസ്ത്രത്തിന്റെ ആഴം കണ്ടെത്തിയ ദാര്‍ശനികന്‍, പ്രഗത്ഭനായ പ്രഭാഷകന്‍, അവശസമുദായോദ്ധാരകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ ഇൌ നിലകളിലെല്ലാം ഭാരതചരിത്രത്തില്‍ പരുമല തിരുമേനി ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു. ആ ജ്വാല 107-ാം വര്‍ഷത്തിലും മാനവരാശിക്കു പ്രകാശം നല്‍കുന്നു.

ജീവിതംകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഉപദേശങ്ങള്‍കൊണ്ടും കേരള നഭോമണ്ഡലത്തെ പ്രദീപ്തമാക്കിയ പ്രകാശഗോപുരമായിരുന്നു പരിശുദ്ധ പിതാവ്. ഇരുപത്തിനാലാം വയസ്സില്‍ സന്യാസിയും ഇരുപത്തൊന്‍പതാം വയസ്സില്‍ മെത്രാപ്പൊലീത്തയുമായ അദ്ദേഹം അന്‍പത്തിമൂന്നാമത്തെ വയസ്സില്‍ കാലംചെയ്തു. യഥാര്‍ഥ പ്രവര്‍ത്തനകാലം മൂന്നു ദശകത്തില്‍ ഒതുങ്ങിനിന്നെങ്കിലും അദ്ദേഹം ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി.

വാങ്ങിപ്പോയ പരിശുദ്ധ പിതാക്കന്മാര്‍ ഒരിക്കലും നമ്മെ വിസ്മരിക്കുന്നില്ല. അവര്‍ നമുക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. അവരുടെ അനുഗ്രഹങ്ങള്‍ നമുക്കുവേണ്ടി പകര്‍ന്നു നല്‍കുന്നു. പത്രോസ് ശ്ലീഹായുടെ നിഴല്‍ കാത്ത് വഴിയരികില്‍ രോഗികളും അശരണരും കിടന്നതുപോലെ പരുമല തിരുമേനിയുടെ വിശുദ്ധ സ്പര്‍ശം അനുഭവിക്കുവാന്‍ നാം ഒരുങ്ങിയിരിക്കുന്നു. ഇൌ വര്‍ഷത്തെ തീര്‍ഥാടനം അതു സാക്ഷാല്‍ക്കരിക്കുമാറാകട്ടെ! പരിശുദ്ധന്റെ മധ്യസ്ഥത ഏവര്‍ക്കും കോട്ടയും ശരണവുമായിരിക്കട്ടെ !