ഭാരതീയനായ പ്രഥമ പരിശുദ്ധന്‍: എം.ഡി. യൂഹാനോന്‍ റമ്പാന്‍

saint_parumalaമലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരു മേനി ക്രൈസ്തവ സഭകളിലെ ഭാരതീയ നായ പ്രഥമ പരിശുദ്ധനാണ്. മുളന്തുരുത്തി യിലുള്ള ചാത്തുരുത്തി ഭവനത്തില്‍ കൊച്ചുമത്തായിയുടെയും മറിയത്തിന്റെയും മകനായി 1848 ജൂണ്‍ 15നാണ് പരുമല തിരുമേനി ജനിച്ചത്. ഗീവര്‍ഗീസ് എന്നായിരുന്നു പേര്. കൊച്ചയ്പ്പോര എന്നു വാല്‍സല്യ പൂര്‍വം വിളിച്ചു പോന്നു. കുര്യന്‍, വര്‍ക്കി, ഏലി, മറിയം എന്നിവരാണു സഹോദരങ്ങള്‍. മാതാവ് ചെറുപ്പത്തിലേ മരിച്ചതിനാല്‍ സഹോദരി മറിയമാണു വളര്‍ത്തിയത്.

ഓണക്കാവില്‍ അയ്യ, മണി എന്നിവരായിരുന്നു ആദ്യ ഗുരുക്കന്മാര്‍, പഠനത്തില്‍ മുന്‍പന്തിയിലായിരുന്നു. ബാലന്റെ ഗുരുഭക്തി, താഴ്മ, വിനയം, അനുസരണം, ലാളിത്യം, സ്നേഹം എന്നിവ ഏവരെയും ആകര്‍ഷിച്ചു. ചാത്തുരുത്തി കുടുംബത്തിലെതന്നെ ഗീവര്‍ഗീസ് കത്തനാര്‍ (പിതൃസഹോദരന്‍) ആയിരുന്നു ആദ്യം സുറിയാനി പഠിപ്പിച്ചത്. പാമ്പാക്കുട കോനാട്ട് മല്‍പാനച്ചന്റെ കീഴിലും സുറിയാനി പഠനം നടത്തി.

കേവലം പത്തു വയസ്സുള്ളപ്പോള്‍ത്തന്നെ പൌരോഹിത്യത്തിന്റെ ആദ്യപടിയായ കോറൂയോ സ്ഥാനം സ്വീകരിച്ചു ഗീവര്‍ഗീസ് ശെമ്മാശനായി. വസൂരി രോഗം ബാധിച്ച, ഗുരുവായ ഗീവര്‍ഗീസ് മല്‍പാനെ ശുശ്രൂഷിച്ചു ഗുരുസ്നേഹം പ്രകടിപ്പിച്ച ശെമ്മാശനും വസൂരി ബാധിച്ചു. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ദൈവ മാതാവ് സമീപത്തു വന്നു നില്‍ക്കുന്നതായും ശിഷ്ടായുസ്സ് ദൈവ വേലയ്ക്കായി വിനിയോഗിക്കണമെന്നു
നിര്‍ദേശിക്കുന്നതായും ദര്‍ശനമുണ്ടായി. അതനുസരിച്ചു രോഗ ശമനം ലഭിച്ച ശെമ്മാശന്‍ ദൈവ വേലയ്ക്കായി സ്വയം പ്രതിഷ്ഠിച്ചു. അക്കാലത്തു മലങ്കരയില്‍ വന്ന യൂയാക്കീം മാര്‍ കൂറിലോസുമായി അടുത്തു പരിചയപ്പെടാന്‍ അവസരം ലഭിച്ചതു വലിയൊരു നിമിത്തമായി. കൊച്ചുശെമ്മാശന്റെ സുറിയാനി ജ്ഞാനം, ബുദ്ധി വൈഭവം, ദൈവ ഭക്തി, സമര്‍പ്പണ ജീവിതം എന്നിവ കണ്ടു മനം കുളിര്‍ന്ന മാര്‍ കൂറിലോസ് 1865ല്‍ ഗീവര്‍ഗീസ് ശെമ്മാശനു
പൂര്‍ണ ശെമ്മാശപട്ടം നല്‍കി. ആ വര്‍ഷംതന്നെ വൈദികപട്ടവും നല്‍കുകയുണ്ടായി.

മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ അതിതീവ്രമായ വ്രതാനുഷ്ഠാനങ്ങളോടെ ഭക്തി ജീവിതം നയിക്കുകയും തനിക്കുള്ളതെല്ലാം ദരിദ്രര്‍ക്കു ദാനം നല്‍കുകയും ചെയ്ത മാര്‍ അന്തോണിയോസിനെപ്പോലെ ജീവിതം ക്രമപ്പെടുത്താനായിരുന്നു യുവ വൈദികന്റെ തീരുമാനം. മുളന്തുരുത്തിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള വെട്ടിക്കല്‍ കുരിശുപള്ളിയിലേക്ക് അദ്ദേഹം താമസം മാറ്റി. തന്റെ മനസ്സില്‍ രൂപംകൊണ്ട ഋഷിതുല്യ
ജീവിതത്തിന് അനുയോജ്യമായ ഒരു പര്‍ണശാലയായി കുരിശുപള്ളി രൂപാന്തരപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല.

വെട്ടിക്കല്‍ കുരിശുപള്ളിയിലെ യുവവൈദികന്റെ കഠിനമായ നോമ്പനുഷ്ഠാനവും പ്രാര്‍ഥനാ ജീവിതവും സമീപ വാസികളെ അദ്ഭുതപ്പെടുത്തി. പലരും അദ്ദേഹത്തില്‍ ഒരു ദിവ്യനെ ദര്‍ശിച്ചു. ഭക്തിയുടെ നിറകുടമായിരുന്ന അദ്ദേഹത്തെ ദര്‍ശിക്കാനും അനുഗ്രഹം പ്രാപിക്കാനും ധാരാളം ആളുകള്‍ നേര്‍ച്ച കാഴ്ചകളുമായി കുരിശുപള്ളിയില്‍ എത്തുമായിരുന്നു. അങ്ങനെ വെട്ടിക്കല്‍ കുരിശുപള്ളി ഒരു തീര്‍ഥാടന കേന്ദ്രമായി തീര്‍ന്നു. കേവലം 24 വയസ്സുള്ളപ്പോഴാണു ഗീവര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ റമ്പാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഭൌതികതകളെ പാടേ വെടിഞ്ഞ് ആത്മീയതയെ പുണര്‍ന്നുള്ള ഈ ജീവിതം അനുദിനം ഒരു താപസന്റേതായി മാറുകയായിരുന്നു. നോമ്പ്, ഉപവാസം, വേദ പഠനം, പ്രാര്‍ഥന, ധ്യാനം എന്നിവയിലൂടെ അദ്ദേഹം മുന്നേറി. ഏകാഗ്രത ദൈവ സംസര്‍ഗത്തിനു വഴിയൊരുക്കി. സന്യാസജീവിത നൈര്‍മല്യത്തിന്റെ പരിമളം എങ്ങും അനുഭവ
വേദ്യമായി.

1876ല്‍ വന്ദ്യ റമ്പാന്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ 28 വയസ്സു മാത്രമേ പ്രായമായിരുന്നുള്ളൂ. അദ്ദേഹത്തോടൊപ്പം മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറവായതിനാല്‍ ‘കൊച്ചുതിരുമേനി’ എന്നറിയപ്പെട്ടു. മാര്‍ ഗ്രിഗോറിയോസ് എന്ന നാമം സ്വീകരിച്ച കൊച്ചുതിരുമേനി നിരണം ഭദ്രാസനാധിപനായാണു നിയോഗിക്കപ്പെടുന്നത്. പരുമല ആസ്ഥാനമാക്കി ഭദ്രാസന
ഭരണം നിര്‍വഹിച്ചു.നിരണം ഭദ്രാസനം കൂടാതെ തുമ്പമണ്‍, കൊല്ലം എന്നീ ഭദ്രാസനങ്ങളുടെ ചുമതലയും കൊച്ചു തിരുമേനിക്കു വഹിക്കേണ്ടി വന്നു. താമസത്തിനും ശെമ്മാശന്മാരെ പരിശീലിപ്പിക്കുന്നതിനുമായി പരുമലയില്‍ ആദ്യം പണിത കെട്ടിടമാണ് ”അഴിപ്പുര” എന്ന പേരില്‍ അറിയപ്പെടുന്നത്. ”പരുമല തിരുമേനിയുടെ ആദ്യകാല വസതി” എന്ന നിലയില്‍ ഇത് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. തിരുമേനിയുടെ പെരുനാള്‍ ആഘോഷത്തിനുള്ള
കൊടിയേറ്റ് നടക്കുന്ന സമയം മുതല്‍ പെരുനാള്‍ ദിനം വരെ 144 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡ പ്രാര്‍ഥന വര്‍ഷംതോറും നടക്കുന്നത് ഇൌ വസതിയിലാണ്.

തിരുമേനിയുടെ അഴിപ്പുരയിലെ ജീവിതം കര്‍മനിരതമായിരുന്നു. അതിരാവിലെ നാലു മണിക്ക് തിരുമേനി എഴുന്നേല്‍ക്കും. ഒപ്പം അഴിപ്പുരയിലെ അന്തേവാസികളും പ്രാര്‍ഥന, വേദപഠനം, ശെമ്മാശന്മാരുടെ പരിശീലനം, ഭദ്രാസന ചുമതല നിര്‍വഹണം തുടങ്ങിയ ക്രിയകളില്‍ തിരുമേനി വ്യാപൃതനായിരിക്കും. നോമ്പുകാലത്ത് ഇരുപത്തിരണ്ടര വരെ തിരുമേനി ഉപവസിക്കും. ലഘുഭക്ഷണമേ സാധാരണയായി കഴിക്കാറുണ്ടായിരുന്നുള്ളൂ.
അരയും വയറും നല്ലതുപോലെ ഒതുങ്ങത്തക്കവിധത്തില്‍ വീതിയുള്ള അരക്കെട്ട് മുറുകെച്ചുറ്റുന്ന പതിവുണ്ടായിരുന്നു. ശരീര പോഷണത്തേക്കാളേറെ ആത്മീയ പോഷണത്തിനായിരുന്നു പ്രാധാന്യം. എത്ര ക്ഷീണിതനായിരുന്നാലും പ്രാര്‍ഥനകള്‍ യഥാസമയം മുടക്കം കൂടാതെ നടത്തുമായിരുന്നു. തിരുമേനി രാത്രിയില്‍ ഉണര്‍ന്ന് എഴുന്നേറ്റ് ഏകാഗ്രതയില്‍ പിതാവാം ദൈവവുമായി സംസര്‍ഗം ചെയ്യുമായിരുന്നു.
കൊച്ചുതിരുമേനിയുടെ ആഗ്രഹപ്രകാരമാണ് പരുമലയിലെ പഴയ പള്ളി പണിതത്. പള്ളിയോടൊപ്പം സെമിനാരി കെട്ടിടവും പണിതു. പള്ളിയുടെ കൂദാശ മലങ്കര മെത്രാപ്പൊലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ കൊച്ചുതിരുമേനി നിര്‍വഹിക്കുകയും കുര്‍ബാന അര്‍പ്പിക്കയും ചെയ്തു. കൊച്ചുതിരുമേനിയുടെ സാന്നിധ്യം പരുമല ദേശത്തിന് ഒരു പുതിയ മുഖഛായ നല്‍കി. അന്നുവരെ ഒരു പേടിസ്വപ്നമായിരുന്ന ഇൌ പ്രദേശം ദിവ്യതേജസാല്‍ തിളങ്ങാന്‍ തുടങ്ങി. പലവിധ അത്ഭുതങ്ങളും അനുഭവവേദ്യമായി. തിരുമേനിയുടെ വിശുദ്ധ ജീവിതംകണ്ട് അനേകര്‍ പരുമലയിലേക്കു പ്രവഹിക്കാന്‍ തുടങ്ങി. ആ പ്രവാഹം ഇന്നും അനുസ്യൂതം തുടരുന്നു. കൂടുതല്‍ സാന്ദ്രമായി.

ജാതി വ്യത്യാസം ഏറെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് കൊച്ചുതിരുമേനി ജീവിച്ചിരുന്നത്. സവര്‍ണരും, അവര്‍ണരും തമ്മിലുള്ള അന്തരവും ഏറെ പ്രകടമായിരുന്നു. ഇൌ ജാതി വ്യവസ്ഥ തിരുമേനിയെ ഏറെ നൊമ്പരപ്പെടുത്തി. ദൈവ തിരുമുമ്പില്‍ ഏവരും സമന്മാരാണെന്ന് തിരുമേനി ജനങ്ങളെ ഉദ്ബോധിപ്പിച്ചു. സുവിശേഷവെളിച്ചം ഏവര്‍ക്കും പകര്‍ന്നുനല്‍കേണ്ടത് ക്രിസ്തീയ സഭകളുടെ ചുമതലയാണെന്ന് തിരുമേനി
ഒാര്‍മിപ്പിക്കയും, തന്റെ പ്രവര്‍ത്തനം ആ ദിശയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഒരു പുറജാതി മിഷന്‍ കൊച്ചുതിരുമേനി ആരംഭിച്ചു. എതിര്‍പ്പുകള്‍ വകവയ്ക്കാതെ അനേകം പുറജാതികള്‍ക്കു തിരുമേനി തന്നെ മാമോദീസ നല്‍കി. അവരുടെ വിദ്യാഭ്യാസ കാര്യത്തിലും ശ്രദ്ധാലുവായിരുന്നു. പടിപടിയായി അവരെ സംസ്കാര സമ്പന്നരും ഉല്‍കൃഷ്ടരും ആക്കാനായി തിരുമേനി ഏറെ പ്രയത്നിച്ചു.

തനിക്കു ദേഹാസ്വാസ്ഥ്യം വന്നാല്‍ തിരുമേനി അത് ഗൌനിച്ചിരുന്നില്ല. മറ്റുള്ളവര്‍ക്കു രോഗം വന്നാല്‍ അവരെ ശുശ്രൂഷിക്കുന്നതില്‍ തിരുമേനി മുന്‍പന്തിയിലായിരുന്നു. 1890ല്‍ തുമ്പമണ്‍ ഇടവകയില്‍ വസൂരി രോഗബാധയുണ്ടായപ്പോള്‍, തിരുമേനി അവിടെ പോയി താമസിച്ച് രോഗികളെ സന്ദര്‍ശിച്ച് അവരെ ശുശ്രൂഷിച്ചു. തിരുമേനിയുടെ സാന്നിധ്യവും പരിചരണവും പ്രാര്‍ഥനയും രോഗികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു. പിശാചുബാധിതര്‍, മാനസിക വൈകല്യമുള്ളവര്‍, മാറാ വ്യാധി ബാധിച്ചവര്‍, മറ്റു പല വിധത്തില്‍ മനം തകര്‍ന്നവര്‍ തുടങ്ങി അനേകര്‍ സൌഖ്യത്തിനായും സാന്ത്വനത്തിനായും തിരുമേനിയെ സന്ദര്‍ശിക്കുക പതിവായി.
അവരെല്ലാം തന്നെ ഫലപ്രാപ്തി നേടി തിരിച്ചുപോയപ്പോള്‍ തിരുമേനിയുടെ ഖ്യാതി എങ്ങും പരന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ ശത്രുതയിലേക്കും തുടര്‍ന്ന് അക്രമങ്ങളിലേക്കും വഴി തെളിക്കാവുന്ന ഘട്ടങ്ങളില്‍ പലരും തിരുമേനിയുടെ അടുക്കല്‍ ഒാടിയെത്തുമായിരുന്നു. നീതി നടപ്പാക്കുന്ന ന്യായാധിപനെ പോലെ തിരുമേനി പ്രശോഭിച്ചു. തിരുമേനിയുടെ തീര്‍പ്പ് സഭാവിശ്വാസികള്‍ക്കു മാത്രമല്ല, അന്യമതവിശ്വാസികള്‍ക്കും സ്വീകാര്യമായിരുന്നു. 1895ല്‍ യെരുശലേം സന്ദര്‍ശനം കഴിഞ്ഞു പുത്തന്‍ തീരുമാനങ്ങളോടെയാണു തിരുമേനി
തിരിച്ചെത്തിയത്.

തിരുമേനി തുടക്കമിട്ട പുറജാതി മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് അനേകരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്കു കൊണ്ടുവരാനായിരുന്നു തീരുമാനങ്ങളിലൊന്ന്. സംസ്കാരസമ്പന്നത കൈവരിക്കാന്‍ വിദ്യാഭ്യാസംമൂലമേ സാധിക്കൂ എന്നതിനാല്‍ ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിക്കുന്നതില്‍ മുന്‍കയ്യെടുക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. ഇൌ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി തിരുമേനി അക്ഷീണം യത്നിച്ചു. ഇത് ഒരു
നവോത്ഥാനത്തിന്റെ തുടക്കമായിരുന്നു. റോമാസഭയില്‍നിന്നു കുറേയധികം കുടുംബാംഗങ്ങള്‍ ഫാ. അല്‍വാറീസിന്റെ നേതൃത്വത്തില്‍ മലങ്കരസഭയില്‍ ചേരുകയുണ്ടായി. അവര്‍ മംഗലാപുരം, ബ്രഹ്മവാര്‍, ബോംബെ, ഗോവ, സിലോണ്‍ പ്രദേശക്കാരായിരുന്നു. 1889 ജൂലൈ 29നു കോട്ടയം പഴയസെമിനാരിയില്‍വച്ച് മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഫാ. അല്‍വാറീസിനെ മാര്‍ യൂലിയോസ് എന്ന പേരില്‍
മെത്രാപ്പോലീത്തയായി വാഴിച്ചു. ആ മെത്രാഭിഷേകത്തില്‍ പരുമല തിരുമേനി സഹകാര്‍മികനായിരുന്നു. കടവില്‍ തിരുമേനിയും പരുമല തിരുമേനിയും അല്‍വാറീസ് തിരുമേനിയുംകൂടി ചേര്‍ന്നു റീനി വിലാത്തി എന്ന വൈദികനെ അമേരിക്കയ്ക്കുവേണ്ടി കൊളംബോയില്‍വച്ചു വാഴിച്ചു. ‘സന്മരണ മാതാവിന്റെ’ പള്ളിയില്‍വച്ചായിരുന്നു ഇൌ വാഴിക്കല്‍.

പരുമല കൊച്ചുതിരുമേനിയുടെ ചിരകാലാഭിലാഷമായിരുന്നു വിശുദ്ധനാട് സന്ദര്‍ശനം. തിരുമേനി പണികഴിപ്പിച്ച പരുമല പള്ളിയുടെ കൂദാശയുടെ പിറ്റേദിവസം (1895 ജനുവരി 28 തിങ്കള്‍) ഏഴുപേരോടൊപ്പം പരുമലയില്‍നിന്നു യാത്ര പുറപ്പെട്ടു. പൌലോസ് റമ്പാന്‍, വട്ടശേരില്‍ ഗീവറുഗീസ് കത്തനാര്‍, തെക്കന്‍ പറവൂര്‍ തോപ്പില്‍ ലൂക്കോസ്, തുമ്പമണ്‍ കരിങ്ങാട്ടില്‍ സ്കറിയാ കത്തനാര്‍, കടമ്മനിട്ട പുത്തന്‍പുരയ്ക്കല്‍ ഗീവറുഗീസ് കത്തനാര്‍,
ശീമക്കാരന്‍ സ്ലീബാ റമ്പാന്‍, പരുമല മണലില്‍ തോപ്പില്‍ ഫിലിപ്പോസ് എന്നിവരാണ് പരിശുദ്ധ പരുമല കൊച്ചുതിരുമേനിയോടൊപ്പം വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കാന്‍ മഹാഭാഗ്യം ലഭിച്ചവര്‍. പ്രധാനമായും കപ്പല്‍യാത്രയായിരുന്നു. വിശുദ്ധ നാടുകള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജൂണ്‍ ആറിനു പരുമലയില്‍ തിരിച്ചെത്തി. ഉൌര്‍ശ്ലേം യാത്രയുടെ ദൈര്‍ഘ്യം 130 ദിവസം ആയിരുന്നു. പരുമല തിരുമേനി ഒരു അനുഗൃഹീത എഴുത്തുകാരനായിരുന്നു. ക്രൈസ്തവ പാരമ്പര്യത്തിലെ മാത്രമല്ല, മലയാള സാഹിത്യത്തിലെതന്നെയും ഒരു അനശ്വര ഗ്രന്ഥമാണ് 1895 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ‘ഉൌര്‍ശ്ലേം യാത്രാവിവരണം’. അതുപോലെ തിരുമേനിയുടെ ഇടയലേഖനങ്ങളും പ്രസംഗങ്ങളും സ്വകാര്യ കല്‍പനകളും മലയാള സാഹിത്യ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ദൈവത്തെ ധരിക്കുന്നവര്‍ക്കു ലഭിക്കുന്ന ഒരു ദിവ്യപ്രസാദമാണു പ്രവചനവരം.

പരുമല തിരുമേനിക്കു പ്രവചനവരമുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുന്ന പല സംഭവങ്ങളുണ്ട്. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനി പൌരോഹിത്യ പദവിയില്‍ പ്രവേശിച്ചതിന്റെ കനകജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വര്‍ണശബളമായ ഘോഷയാത്ര മഴമൂലം മുടങ്ങുമെന്ന ഭയം സംഘാടകരെ വിഷമിപ്പിച്ചു. മഴക്കാലമായിരുന്നിട്ടും ഘോഷയാത്ര നടക്കുന്ന ദിവസം മഴ ഉണ്ടാവുകയില്ലെന്നു പരുമല
തിരുമേനി മുന്‍കൂട്ടി പ്രവചിച്ചു. തിരുമേനി പ്രവചിച്ചതുപോലെ മഴ അന്നേദിവസം മാറിനിന്നു.

പരിശുദ്ധ പരുമല തിരുമേനിക്കു പ്രമുഖരായ രണ്ടു വല്‍സല ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. അവര്‍ വട്ടശേരില്‍ തിരുമേനിയും (ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് ര്‍ണ്ട) കല്ലാശേരി ബാവായും (പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ) ആയിരുന്നു. ജീവിതവിശുദ്ധി, കൂദാശാനുഷ്ഠാനം, പ്രാര്‍ഥനാജീവിതം, നോമ്പനുഷ്ഠാനം, നിരന്തരമായ ധ്യാനം തുടങ്ങിയ തങ്ങളുടെ ദിനചര്യകളില്‍പോലും ഗുരുവായ പരിശുദ്ധ പരുമല
തിരുമേനിയുടെ മാതൃക അവര്‍ സ്വീകരിച്ചിരുന്നു. പാതിരായാമത്തിലും എഴുന്നേറ്റിരുന്നു പ്രാര്‍ഥിക്കുന്നതില്‍ പരുമല തിരുമേനിയെ അവര്‍ മരണംവരെ അനുകരിച്ചിരുന്നു. വട്ടശേരില്‍ തിരുമേനി മലങ്കര സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായി പരിലസിക്കുമ്പോള്‍ കല്ലാശേരി ബാവാ പരിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള കാനോനിക നടപടികളിലാണ്.

മരണദിവസം കാലത്തു കലശലായ രോഗം പിടിപെട്ടപ്പോള്‍തന്നെ പരുമല കൊച്ചുതിരുമേനി കന്തീലാശുശ്രൂഷ സ്വീകരിക്കുകയും വിശുദ്ധ കുര്‍ബാന അനുഭവിക്കുകയും ചെയ്തിരുന്നു. മരണത്തിന് അല്‍പം മുന്‍പുവരെ നല്ല ബോധം ഉണ്ടായിരുന്നു. അന്ത്യദിനങ്ങളില്‍ തന്നെ ശുശ്രൂഷിച്ചവരോട് ഇന്ന് എത്രാം തീയതിയാണെന്നു ചോദിക്കുകയും 18-ാം തീയതി എന്നു മറുപടി കേട്ടശേഷം ‘കര്‍ത്താവേ, ഇനി രണ്ടു ദിവസംകൂടെ ഇൌ കഷ്ടത ഞാന്‍
സഹിക്കണമല്ലോ’ എന്നു പറയുകയും തനിക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും തന്നെ ശുശ്രൂഷിക്കുകയും മറ്റും ചെയ്യുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്തു. ഇൌ പരിശുദ്ധ പിതാവ് 1902 നവംബര്‍ രണ്ടിനു ഞായറാഴ്ച അര്‍ധരാത്രി ഒരുമണിക്ക് ഇഹലോകവാസം വെടിഞ്ഞു.

കൊച്ചുതിരുമേനി നേരത്തേ ചൂണ്ടിക്കാണിച്ചുകൊടുത്ത പരുമല പള്ളിയുടെ വിശുദ്ധ മദ്ബഹായുടെ വടക്കുഭാഗത്ത് നവംബര്‍ നാലാം തീയതി ചൊവ്വാഴ്ച തിരുമേനിയുടെ വിശുദ്ധശരീരം കബറടക്കി. വിവിധ ആവശ്യങ്ങളും അപേക്ഷകളുമായി അനേകര്‍ കബറിടത്തിലെത്തി തിരുമേനിയുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു ധന്യരായി തിരികെ പോവുന്നതു നിത്യകാഴ്ചയാണ്. സന്താനഭാഗ്യമില്ലാത്തവര്‍, രോഗബാധിതര്‍, മനഃക്ളേശം
അനുഭവിക്കുന്നവര്‍ തുടങ്ങി അനേകര്‍ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും ഭാണ്ഡക്കെട്ടു കള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ ഇറക്കിവച്ച് സമാധാനത്തോടും സന്തോഷത്തോടുംകൂടി തിരികെ പോവുന്നു. കബറിടത്തില്‍ ഭക്തജനങ്ങള്‍ കത്തിക്കുന്ന മെഴുകുതിരികള്‍ ഒരിക്കലും അണയാറില്ലാത്തതു പോലെതന്നെ യാണ് വിശ്വാസികള്‍ക്ക് അനുഗ്രഹപ്രവാഹവും ധാരമുറിയാതെ ലഭ്യമാവുന്നത്